---
title: "മോഷ്ടിച്ച പഴ്സിൽ നിന്നും ₹1500 എടുത്തു, എ.ടി.എം കാർഡുകളും, ആധാർ കാർഡുമടക്കമുള്ളവ  തിരികെ നൽകി ; കണ്ണൂരിൽ ചർച്ചയായി  ‘വ്യത്യസ്തനായ കള്ളന്റെ നന്മ..!'"
english_title: "Kannur Thief Takes Rs 1500 Returns Wallet ATM Cards Aadhaar Cherupuzha"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/383449/ kannur-thief-returns-wallet-after-taking-1500-cherupuzha-post-box"
published_at: "2026-09-19T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aae682c2e742_kannur-thief-returns-wallet-after-taking-1500-cherupuzha-post-box.jpg"
keywords: []
---

# മോഷ്ടിച്ച പഴ്സിൽ നിന്നും ₹1500 എടുത്തു, എ.ടി.എം കാർഡുകളും, ആധാർ കാർഡുമടക്കമുള്ളവ  തിരികെ നൽകി ; കണ്ണൂരിൽ ചർച്ചയായി  ‘വ്യത്യസ്തനായ കള്ളന്റെ നന്മ..!'

> **Lead Summary:** കണ്ണൂർ: മോഷ്ടിച്ച പഴ്സിൽ നിന്ന് പണം മാത്രം എടുത്ത ശേഷം വിലപ്പെട്ട രേഖകളും കാർഡുകളും പഴ്സും തിരികെ നൽകി കള്ളൻ. നീലേശ്വരം സ്വദേശി രാജീവന്റെ പഴ്സാണ് ബസിൽ നിന്ന് മോഷണം പോയത്. എന്നാൽ പണം നഷ്ടപ്പെട്ടെങ്കിലും എടിഎം കാർഡുകളും ആധാർ കാർഡും ഉൾപ്പെടെയുള്ള രേഖകൾ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് രാജീവൻ.

## Article Content

കണ്ണൂർ: മോഷ്ടിച്ച പഴ്സിൽ നിന്ന് പണം മാത്രം എടുത്ത ശേഷം വിലപ്പെട്ട രേഖകളും കാർഡുകളും പഴ്സും തിരികെ നൽകി കള്ളൻ. നീലേശ്വരം സ്വദേശി രാജീവന്റെ പഴ്സാണ് ബസിൽ നിന്ന് മോഷണം പോയത്. എന്നാൽ പണം നഷ്ടപ്പെട്ടെങ്കിലും എടിഎം കാർഡുകളും ആധാർ കാർഡും ഉൾപ്പെടെയുള്ള രേഖകൾ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് രാജീവൻ.

വ്യാഴാഴ്ച വെൽഡിംഗ് ജോലിക്കായി നീലേശ്വരത്തുനിന്ന് പയ്യന്നൂരിലേക്ക് ബസിൽ യാത്ര ചെയ്യുകയായിരുന്നു രാജീവൻ. പയ്യന്നൂരിൽ ഇറങ്ങുന്ന സമയത്താണ് പഴ്സ് നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പയ്യന്നൂർ പൊലീസിൽ പരാതി നൽകി.

1500 രൂപ, മൂന്ന് എടിഎം കാർഡുകൾ, ആധാർ കാർഡ്, ഏതാനും ബില്ലുകൾ എന്നിവയായിരുന്നു പഴ്സിലുണ്ടായിരുന്നത്. എല്ലാം നഷ്ടപ്പെട്ടെന്ന ആശങ്കയിൽ രാജീവൻ നീലേശ്വരത്തേക്ക് മടങ്ങി.

എന്നാൽ ഇതിനിടെയാണ് സംഭവത്തിൽ അപ്രതീക്ഷിത വഴിത്തിരിവുണ്ടായത്. പഴ്സ് കൈക്കലാക്കിയയാൾ അതിലുണ്ടായിരുന്ന 1500 രൂപ മാത്രം എടുത്ത്, പഴ്സും മറ്റ് രേഖകളും ചെറുപുഴയിലെത്തി തപാൽപ്പെട്ടിയിൽ നിക്ഷേപിക്കുകയായിരുന്നു. പയ്യന്നൂരിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ അകലെയാണ് ചെറുപുഴ.

തപാൽപ്പെട്ടിയിൽ നിന്ന് കത്തുകൾ ശേഖരിക്കാനെത്തിയ പോസ്റ്റ്മാനാണ് പഴ്സ് കണ്ടെത്തിയത്. തുടർന്ന് ചെറുപുഴ പോസ്റ്റ് മാസ്റ്ററെ പഴ്സ് ഏൽപ്പിച്ചു. ആധാർ കാർഡിലുണ്ടായിരുന്ന വിലാസത്തിന്റെ അടിസ്ഥാനത്തിൽ രാജീവനെ കണ്ടെത്താൻ തപാൽ ജീവനക്കാർക്ക് സാധിച്ചു. തുടർന്ന് പഴ്സും രേഖകളും ലഭിച്ച വിവരം രാജീവനെ അറിയിക്കുകയായിരുന്നു.

പണം നഷ്ടപ്പെട്ടെങ്കിലും ഏറെ പ്രധാനപ്പെട്ട രേഖകളും എടിഎം കാർഡുകളും തിരികെ ലഭിച്ചതിന്റെ ആശ്വാസത്തിലാണ് രാജീവൻ. തിങ്കളാഴ്ച ചെറുപുഴയിലെത്തി രാജീവൻ പഴ്സും രേഖകളും ഏറ്റുവാങ്ങും.പണം എടുത്ത കള്ളൻ തന്നെ രേഖകൾ തിരികെ ഏൽപ്പിച്ച സംഭവമാണ് ഇപ്പോൾ നാട്ടിലെ കൗതുകം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/383449/ kannur-thief-returns-wallet-after-taking-1500-cherupuzha-post-box)